Monday, 3 June 2019

ഒരു മരം നടുക -malayalam kavitha

                           ഒരു മരം നടുക 

ഒരുമരം നടുക ,
ചുടുവേനലിൽ ഇറ്റു  തണലേകുവാനായ്
ഒരുമരം നടുക ...

      പറവകൾക്കൊരുകൂടുകൂട്ടുവാനായ്
      ഒരു മരം നടുക

മഴ പെയ്യുവാനായൊരുമരം നടുക ,
അവനിക്കു ഹരിതാർദ്രമാമൊരു
കഞ്ചുകം നീർത്തുവാനൊരുമാരം നടുക....

      പുഴകൾ നിറയുവാനൊരുമാരം നടുക ,
      പൂക്കൾ നിറയുവാനൊരുമരം നടുക .

കാട് കാടാവാ നൊരുമരം  നടുക ,
നാട് നാടാവാനൊരുമരം നടുക ,

      മനസ്സുനിറയുവാനൊരുമരം  നടുക .
      മനസ്സിൽ സ്നേഹത്തിനൊരുമരം നടുക....

മനസ്സിൽ നന്മതന്നൊരുമരം നടുക ,
മനസ്സ് നിറയുവാനൊരുമരം  നടുക .

                                          ബൈജു 

ബാല്യകാലം-malayalam kavitha

                          ബാല്യകാലം 

ഓർമ്മയിലുണ്ടൊരാ നല്ലകാലം
ഓടിയെത്തുന്നോരാ നല്ലകാലം
തിരിമുറിയാതെ പെയ്തൊരാ മഴയത്തു
സ്കൂളിൽ നനഞ്ഞെത്തിയ ബാല്യകാലം
കമുകിൻ പാളയിൽ  കയറിയിരുന്നൊരു
സുഖയാത്ര ചെയ്തൊരു ബാല്യകാലം
ഒരു തോർത്തുമുണ്ടുമായ് വയലേലതോറും
പരൽമീൻപിടിച്ചൊരാ ബാല്യകാലം
കൊലകൊലാമുന്തിയെന്നുപാടിക്കൊണ്ടു
നരിപുലിയായൊരാ ബാല്യകാലം
ഒരു ചെമ്പിലയാൽ തീർത്തൊരു കുമ്പിളിൽ
പൂക്കളിറുത്തൊരാ ബാല്യകാലം
വരവര വാരയ്ക്കലമ്മയ്ക്കു ഭാഗ്യത്തിൻ
വരകൾവരച്ചൊരാ ബാല്യകാലം
തെന്നിപ്പറക്കുന്ന തുമ്പിത്താൻ പിന്നാലെ
തുമ്പീ  പിടിക്കാൻ നടന്നകാലം
അയലത്തെ മാവിൻടെ ചില്ലയിലെ മാങ്ങ
കല്ലെറിഞ്ഞിട്ടൊരാ ബാല്യകാലം
ഈന്തിൻ പട്ടയാൽ  കൂരമേഞ്ഞതിനുള്ളിൽ
സുഖമായിക്കഴിഞ്ഞൊരാ ബാല്യകാലം
ഒരുമൺ ചിരട്ടയിൽ ചോറുവച്ചിലകളാൽ
കറിവച്ചുകൂട്ടിയ ബാല്യകാലം
വരുകില്ലിനിയാക്കാലമെന്നറിയാമെങ്കിലും
മനസ്സിൽ മധുരമീ ബാല്യകാലം.

                                                             ബൈജു